കേരളത്തിൽ ഒരു വേനൽക്കാലം കൂടി വന്നെത്തുകയാണ്. ഡിസംബർ മുതൽ മെയ് മാസം വരെ നീണ്ടു നിൽക്കുന്ന 6 മാസക്കാലം കേരളത്തിൽ വ്യാപാര രംഗത്തും ഉണർവിന്റെ കാലമായിരിക്കും. ചൂട് കാലാവസ്ഥയിൽ ശീതളപാനീയ വിപണി കൂടുതൽ വിറ്റുവരവ് നേടുന്ന കാലം കൂടിയാണിത്.
കുറഞ്ഞ വിലയ്‌ക്ക് വിൽക്കുന്ന കൃത്രിമ ജ്യൂസുകളോട് ജനങ്ങൾക്കുള്ള താൽപര്യം വളരെയധികം കുറഞ്ഞിരിക്കുന്നു. ആരോഗ്യ സംബന്ധമായ തിരിച്ചറിവുകളാണ് ഈ മാറ്റത്തിന് പ്രധാന കാരണം. സാമൂഹിക മാധ്യമങ്ങൾ ഇത്തരത്തിലുള്ള അവബോധം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി പഴങ്ങളിൽ നിന്ന് ആരോഗ്യദായകമായ ഗ്രാമീൺ ഫ്രഷ് ജ്യൂസുകൾ വിപണിയിലെത്തിച്ച് കൂടുതൽ വില്പനകൾ നേടിയെടുക്കാൻ സാധിക്കും.
പ്ലാസ്റ്റിക് നിരോധനം ഒരു അവസരം
ശീതളപാനീയങ്ങൾ പായ്‌ക്ക് ചെയ്‌തിരുന്ന ചെറിയ പെറ്റ് ബോട്ടിലുകളൂം പ്ലാസ്റ്റിക്ക് കപ്പുകളിലുമെല്ലാം നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു . ഇത്തരത്തിലുള്ള നിരോധനം ഒരു അവസരമാക്കി മാറ്റി എടുക്കാൻ സാധിക്കും. സംസ്‌കരിച്ച് പായ്‌ക്ക് ചെയ്‌ത് ദീർഘകാലം സൂക്ഷിപ്പ് കാലാവധിയുള്ള ശീതള പാനീയങ്ങളേക്കാൾ പഴങ്ങളിൽ നിന്ന് നേരിട്ട് നിർമ്മിച്ച് സംയോജന പ്രക്രിയയിലൂടെ കടത്തിവിട്ട് തണുപ്പിച്ച് സൂക്ഷിക്കുന്ന ശീതള പാനീയങ്ങൾക്കാണ് ഇപ്പോൾ വിപണികളിൽ ഡിമാന്റുള്ളത്. 10 ലിറ്റർ വീതം സ്റ്റീൽ ബോണികളിൽ നിറച്ച് ഫ്രീസറുകളിൽ സൂക്ഷിച്ച് ചില്ലു ഗ്ലാസ്സുകളിലാണ് ടി പാനീയങ്ങൾ ഉപഭോക്താവിലേക്കെത്തുന്നത്. ആയതിനാൽ പ്ലാസ്റ്റിക് പായ്‌ക്കിംഗ് മെറ്റീരിയലുകൾ പൂർണ്ണമായി ഒഴിവാക്കാം.
സാധ്യതകൾ
ഓരോ സീസണിലും വിലക്കുറവിൽ ധാരാളമായി ലഭിക്കുന്ന പഴങ്ങളാണ് ഇത്തരത്തിലുള്ള ജ്യൂസുകകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഫാഷൻ ഫ്രൂട്ട്, പൈനാപ്പിൾ ജാതിക്ക തൊണ്ട്, ഷമാം , പേരയ്‌ക്ക പപ്പായ മാങ്ങ തുടങ്ങിയ പഴങ്ങളിൽ പൾപ്പുകളാക്കി മാറ്റി കുറഞ്ഞ അളവിൽ രാസ സംരക്ഷകങ്ങൾ ചേർത്ത് സൂക്ഷിച്ച് വയ്‌ക്കുകയും ടി പൾപ്പുകൾ ഉപയോഗിച്ച് പിന്നീട് ഗ്രാമീൺ ഫ്രഷ് ജ്യൂസുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുകയും ചെയ്‌യാം. പരാമാവധി ലഭ്യമായ ഫ്രഷ് ഫ്രൂട്ടുകൾ ഉപയോഗപ്പെടുത്തി ജ്യൂസുകൾ നിർമ്മിക്കുന്നത് കൂടുതൽ ആസ്വാദ്യത പകരും.
മുകളിൽ പറഞ്ഞിരിക്കുന്ന പഴ വർഗ്ഗങ്ങൾ എല്ലാം തന്നെ ഇന്ന് നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്‌ത് വരുന്നുണ്ട്. പ്രാദേശികമായുള്ള ഇത്തരം പഴങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കാൻ സാധിച്ചാൽ കർഷകർക്ക് കൂടിയ വില ലഭ്യമാക്കാനും സംരംഭകർക്ക് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഉൽപ്പന്നം ലാഭമാക്കുന്നതിനും അവസരം ഒരുങ്ങും.
നിർമ്മാണരീതി
പഴങ്ങൾ ശേഖരിച്ചശേഷം നന്നായി കഴുകി വൃത്തിയാക്കിയെടുക്കാം. തുടർന്ന് പുറംതൊലി നീക്കം ചെയ്‌യേണ്ടവ നീക്കം ചെയ്‌യും. പൾപ്പർ ഉപയോഗിച്ച് പഴങ്ങളെ പൾപ്പുകളാക്കി മാറ്റും. തുടർന്ന് നിശ്ചിത ഗാഢതയുള്ള പഞ്ചസാര ലായനി നിർമ്മിക്കും. അവയിൽ 15 % മുതൽ 20 % വരെ പഴത്തിന്റെ പൾപ്പ് ചേർത്ത് ലയിപ്പിക്കും. ശുദ്ധീകരിച്ച് വെള്ളം ചേർത്ത് ഗാഡത ലഘൂകരിക്കും. റിഫ്രക്റ്റോ മീറ്റർ ഉപയോഗിച്ച് ബ്രിക്‌സ് ലെവൽ നോക്കിയാണ് ഈ പ്രക്രിയ പൂർത്തീകരിക്കുന്നത്. തുടർന്ന് 10 ലിറ്റർ വീതമുള്ള സ്റ്റീൽ ബോണികളിൽ നിറയ്ക്കാം. 4 മണിക്കൂർ തണുപ്പിച്ച ശേഷം ബേക്കറികൾ ഹോട്ടലുകൾ ചില്ലറ വില്പന കേന്ദ്രങ്ങൾ തുടങ്ങിയ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ എത്തിക്കാം. വിൽപനക്കാർ ടി ജ്യൂസ് ഫ്രീസറുകളിൽ സൂക്ഷിക്കും. ജ്യൂസുകൾ ലഭ്യമാണെന്നുള്ള അറിയിപ്പ് ബോർഡുകളും വില നിലവാരവും പ്രദർശിപ്പിച്ചിട്ടുണ്ടാവും.
ആവശ്യക്കാർക്ക് 250 ml വീതം മനോഹരമായ ചില്ലു ഗ്ലാസുകളിൽ പകർന്ന് നൽകും. 10 ലിറ്റർ ജ്യൂസിൽ നിന്ന് 50 ഗ്ലാസുകൾ വില്പന നടത്താം. പഴങ്ങളുടെ അരോമ നിലനിൽക്കുന്ന ആരോഗ്യദായകമായ ജ്യൂസാണ് ഉപഭോക്താവിന് ലഭിക്കുന്നത്. പ്ലാസ്റ്റിക് പായ്‌ക്കിംഗ് മെറ്റീരിയലുകളിൽ നിന്നുള്ള ആരോഗ്യ പ്രശ്‍നങ്ങളും പാരിസ്ഥിതിക പ്രശ്‍നങ്ങളും ഒഴിവാക്കുകയും ചെയ്‌യും. കാലിയാകുന്ന സ്റ്റീൽ ബോണികൾ തിരിച്ചെടുത്ത് നന്നായി കഴുകി ഉണക്ക വീണ്ടും ഉപയോഗിക്കാം.
പരിശീലനം
ഗ്രാമീണ ഫ്രഷ് ജ്യൂസ് നിർമ്മാണത്തിനുള്ള പരിശീലനം കാർഷിക ഭക്ഷ്യ സംസ്‌കരണ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ ലഭിക്കും. Ph : 0485-2242310
മൂലധന നിക്ഷേപം
- പൾപ്പർ – 60,000.00
- ഫ്രീസർ – 30,000.00
- റിഫ്രാക്ടോ മീറ്റർ – 4000.00
- സ്റ്റീൽ ബോണികൾ – 10,000.00
- പാത്രങ്ങൾ അനുബന്ധ സംവിധാനങ്ങൾ -15,000.00
ആകെ = 1,19,000.00
പ്രവർത്തന മൂലധനം
7 ദിവസത്തെ പ്രവർത്തന ചിലവ് = 50,000.00
പ്രവർത്തന വരവ് ചിലവ് കണക്ക്
(ഫാഷൻ ഫ്രൂട്ടിൽ നിന്നും പ്രതിദിനം 200L ഗ്രാമീൺ ഫ്രഷ് ജ്യൂസ് നിർമിക്കുന്നതിന്റെ വരവ് ചിലവ് കണക്ക് )
ചിലവ്
1.ഫാഷൻ ഫ്രൂട്ട് -3000.00
2. പഞ്ചസാര – 1200.00
3. ജോലിക്കാരുടെ വേതനം -700.00
4. വൈദ്യുതി അനുബന്ധ ചിലവുകൾ -200.00
5. വിതരണ ചിലവ്- 600.00
ആകെ = 5700.00
വരവ്
1.1 ഗ്ലാസ് ഫാഷൻ ഫ്രൂട്ട് ജ്യുസിൻറെ വിൽപന വില = 20.00
2. ഒരു ലിറ്ററിൽ നിന്ന് 5 ഗ്ലാസുകൾ വിൽക്കുന്പോൾ വില്പനക്കാരന് ലഭിക്കുന്നത് = 100.00
3.വിൽപന കേന്ദ്രങ്ങളിൽ 1 ലിറ്റർ ജ്യൂസ് എത്തിച്ചു നൽകുന്പോൾ ലഭിക്കുന്നത് = 70.00
200Lx 70.00 = 14000.00
പ്രതിദിന ലാഭം
വരവ് = 14000.00
ചിലവ് = 5700.00
ലാഭം = 8300.00
ലൈസൻസുകൾ
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റെജിസ്ട്രേഷൻ, ഉദ്യോഗ് ആധാർ എന്നിവ സംരംഭകൻ നേടിയിരിക്കണം.